ഒറ്റനോട്ടത്തില്
കണ്ണൂര് ജില്ലയിലെ പയ്യന്നൂര് താലൂക്കില് പയ്യന്നൂര് ബ്ലോക്കിലാണ് കാങ്കോല് ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാങ്കോല്, ആലപ്പടമ്പ എന്നീ വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്ന കാങ്കോല് ആലപ്പടമ്പ ഗ്രാമപഞ്ചായത്തിന് 42.07 ചതുരശ്ര കിലോമീറ്റര് വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള് കിഴക്ക് ഭാഗത്ത് എരമം കുറ്റൂര്, പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തുകളും , പടിഞ്ഞാറ് ഭാഗത്ത് കരിവെള്ളൂര് പെരളം ഗ്രാമപഞ്ചായത്തും , തെക്കുഭാഗത്ത് പയ്യന്നൂര് മുനിസിപ്പാലിറ്റിയും , വടക്ക് ഭാഗത്ത് കയ്യൂര് ചീമേനി ഗ്രാമപഞ്ചായത്തുമാണ്. 1936 ലാണ് കാങ്കോല് ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. പുരാണത്തില് പറയുന്ന ദക്ഷയാഗവുമായി ബന്ധപ്പെട്ട പ്രദേശമാണ് കാങ്കോല് ആലപ്പടമ്പ ഗ്രാമം എന്നാണ് ഐതിഹ്യം. കപില മഹര്ഷി നേതൃത്വം നല്കിയ ഈ യാഗവുമായി ബന്ധപ്പെട്ടാണത്രെ കാങ്കോല് ആലപ്പടമ്പ എന്ന സ്ഥലനാമം ഉടലെടുത്തത്. കപില മഹര്ഷി യാഗത്തിന് തെരഞ്ഞെടുത്ത കോവില് കപിലന് കോവില് പില്ക്കാലത്ത് കാങ്കോല് ആയും ചോറ് വച്ച് ഊറ്റിയ സ്ഥലം ഊറ്റിത്തടമായും, യാഗശാലയുടെ വടക്കേച്ചേരി വടശ്ശേരിയായും , ഊട്ടുപുരയുണ്ടായ കൊവ്വല് ഉണ്ടക്കൊവ്വല് കുണ്ടയംകൊവ്വലായും , ഗോക്കളെ പാര്പ്പിച്ച ആല കെട്ടിയ സ്ഥലം ആലക്കാടായും , യാഗത്തിന് ശേഷം കരിയും ചാരവും കൊണ്ടിട്ട സ്ഥലം കരിങ്കുഴിയായും , പൂപറിക്കാന് കൊട്ടവെച്ച സ്ഥലം കൊട്രകച്ചാല് ആയും , മഹദ് വ്യക്തികള് താമസിച്ചിരുന്ന സ്ഥലം മഹദില് മാത്തിലായും , കുറിവെച്ച സ്ഥലം കുറുവേലിയായും , ആലുവെച്ച പറമ്പ് ആലപ്പടമ്പായും , ദാഹത്തിന് വെള്ളം ഏറ്റുകുടിച്ച സ്ഥലം ഏറ്റുകുടുക്കയായും സ്ഥലനാമങ്ങളായി രൂപപ്പെട്ടുവെന്നാണ് ഐതിഹ്യം. കുന്നുകളും താഴ്വരകളുമെല്ലാമുള്ള പ്രകൃതി രമണീയമായ പ്രദേശമാണ് കാങ്കോല് ആലപ്പടമ്പ. പേര് ചേര്ത്ത പോലെ കാങ്കോല്, ആലപ്പടമ്പ എന്നീ 2 വില്ലേജുകള് ചേര്ത്താണ് ഈ പഞ്ചായത്ത് രൂപപ്പെട്ടത്. അപൂര്വ്വമായ സസ്യവൈവിദ്ധ്യ കൊണ്ടനുഗ്രഹീതമാണ് ഈ നാട്. അത്യപൂവ്വമായ പരന്ന രുദ്രാക്ഷം ഇവിടെ കണ്ട് വരുന്നു.